Cardamom Live
Login
ഏലം - മഴയെത്തും മുൻപേ ചെയ്യണ്ട പ്രധാന കാര്യങ്ങൾ
Back to News
Info 04 Jun 2026, 07:14 AM

ഏലം - മഴയെത്തും മുൻപേ ചെയ്യണ്ട പ്രധാന കാര്യങ്ങൾ

കാലവർഷം ആരംഭിക്കുന്നതിന് മുൻപായി കർഷകർ തങ്ങളുടെ തോട്ടങ്ങളിൽ നിർബന്ധമായും ചെയ്തിരിക്കേണ്ട പ്രധാന മുന്നൊരുക്കങ്ങൾ താഴെ നൽകുന്നു. ഈ നിർദ്ദേശങ്ങൾ പാലിക്കുന്നത് ചെടികളുടെ ആരോഗ്യം സംരക്ഷിക്കാനും മികച്ച വിളവ് ഉറപ്പാക്കാനും സഹായിക്കും.

മഴക്കാലത്തിന് മുൻപുള്ള പ്രധാന കൃഷിപ്പണികൾ

• ചുവട് വൃത്തിയാക്കൽ
വേനൽക്കാലത്ത് ഈർപ്പം നിലനിർത്താനായി ചെടികളുടെ ചുവട്ടിലിട്ട ചപ്പും പുതയും മഴയ്ക്ക് മുൻപായി പൂർണ്ണമായും നീക്കം ചെയ്യുക. ഇത് ചുവട്ടിൽ വെള്ളം കെട്ടിനിന്ന് വേരുകൾ അഴുകുന്നത് തടയാൻ സഹായിക്കും.

• തണൽ മരങ്ങൾ കോതിയൊതുക്കൽ
തോട്ടത്തിലുള്ള തണൽ മരങ്ങളുടെ കൊമ്പുകൾ 20 മുതൽ 30 അടി വരെ ഉയരത്തിൽ വെട്ടി ഒതുക്കുക.
o ഗുണങ്ങൾ: തോട്ടത്തിലെ ഈർപ്പം (Humidity) കുറയാനും, ഫംഗസ് രോഗങ്ങൾ തടയാനും ഇത് സഹായിക്കും. കൂടാതെ ചെടികൾക്ക് ആവശ്യമായ സൂര്യപ്രകാശം ലഭിക്കാനും പുതിയ തളിർപ്പുകൾ ഉണ്ടാകാനും ഇത് അത്യാവശ്യമാണ്.

• ചെടികളുടെ കവാത്ത് (Pruning)
ചെടികളിലെ ഉണങ്ങിയ കൊമ്പുകൾ, ഇലകൾ, മൂത്ത തണ്ടുകൾ എന്നിവ വെട്ടിമാറ്റി ചെടികൾ വൃത്തിയാക്കി നിർത്തുക.

• ഫംഗിസൈഡ് പ്രയോഗം
കവാത്തിന് ശേഷം ചെടികളിൽ മികച്ച ഒരു ഫംഗിസൈഡ് തളിച്ചുകൊടുക്കുക. ഇലകൾ, തണ്ടുകൾ, പുതിയ ചിമ്പുകൾ, ചുവട് എന്നിവിടങ്ങളിൽ വീഴുന്ന രീതിയിൽ സെമി-മിസ്റ്റ് (Semi-mist) ആയി സ്പ്രേ ചെയ്യണം.
o ഉപയോഗിക്കാവുന്നവ: ബോർഡോ മിശ്രിതം (Bordeaux mixture), ITWIN + COC, ട്രൈസൈക്ലോസോൾ + ഹെക്സാകൊണസോൾ (Tricyclazole + Hexaconazole) കോമ്പിനേഷൻ, അല്ലെങ്കിൽ അസോക്സിസ്ട്രോബിൻ (Azoxystrobin).

• സൂക്ഷ്മ മൂലകങ്ങളും കീടനിയന്ത്രണവും
മഴ കനക്കുന്നതിന് മുൻപായി തന്നെ മൈക്രോ ന്യൂട്രിയന്റുകൾ (Micronutrients), PGR, ഫോളിയാർ വളങ്ങൾ എന്നിവ നൽകുക. മഴക്കാലത്ത് സാധാരണയായി കീടങ്ങൾ കുറയുമെങ്കിലും, മഴമാറി പെട്ടെന്ന് വെയിൽ തെളിയുമ്പോൾ കീടശല്യം രൂക്ഷമാകാൻ സാധ്യതയുണ്ട്. അതിനാൽ കൃത്യസമയത്ത് തന്നെ മരുന്ന് നൽകാൻ ശ്രദ്ധിക്കുക.
മഴ തുടങ്ങിയ ശേഷമുള്ള പരിചരണം

• അമ്ലത്വം (pH) ക്രമീകരിക്കൽ
മഴ തുടങ്ങി അല്പം ശമനം ലഭിച്ച ശേഷം, മണ്ണിലെ അമ്ലത്വം ക്രമീകരിക്കാനായി കുമ്മായം അല്ലെങ്കിൽ ഡോളോമൈറ്റ് വിതറുക. പെട്ടെന്നുള്ള മഴ മൂലമുണ്ടാകുന്ന pH വ്യതിയാനം പരിഹരിക്കാൻ ഇത് സഹായിക്കും.
o അളവ്: ചെടിയുടെ വലുപ്പമനുസരിച്ച് 200 മുതൽ 300 ഗ്രാം വരെ ചുവട്ടിൽ ചുറ്റുമായി വിതറാം.
o ശ്രദ്ധിക്കുക: പച്ചക്കക്കയ്ക്ക് പകരം ഗുണനിലവാരമുള്ള ഡോളോമൈറ്റ് അല്ലെങ്കിൽ നീറ്റുകക്ക പൊടിച്ചത് ഉപയോഗിക്കുക.

• വളപ്രയോഗം
ഒന്നോ രണ്ടോ നല്ല മഴ ലഭിച്ചതിന് ശേഷം രാസ-ജൈവ വളങ്ങൾ നൽകാം. വേപ്പിൻ പിണ്ണാക്ക്, മറ്റ് പിണ്ണാക്കുകൾ, Blaukorn, Nova Tec, 10:26:26, DAP, പൊട്ടാഷ് എന്നിവ ചേർത്ത മിശ്രിതം ചെടിയുടെ ചുവട്ടിൽ നിന്നും ഒരു അടി വിട്ട് നൽകുക.

പ്രത്യേകം ശ്രദ്ധിക്കുക: ഫംഗിസൈഡ് സ്പ്രേ ചെയ്ത് ആവശ്യമായ ഇടവേള നൽകിയ ശേഷം മാത്രമേ വളപ്രയോഗം നടത്താവൂ. മഴ ശക്തമാകുന്നതിന് മുൻപ് തന്നെ മരുന്ന് തളിക്കൽ പൂർത്തിയാക്കുക.

Published 22 hours ago